വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ ഗുണഭോക്താവായി എത്തിയതായിരുന്നു കര്‍ഷകയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷഹര്‍ബാന്‍. എന്നാല്‍ പരിപാടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഉദ്ഘാടകനായ ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ തന്റെ മുന്നിലിരിക്കുന്ന സഹപ്രവര്‍ത്തകയെ തിരിച്ചറിഞ്ഞ് വേദിയിലേക്ക് ക്ഷണിച്ചത്.

ഒരു ജനപ്രതിനിധിയെന്ന നിലയിലെ തിരക്കുകള്‍ക്കിടയിലും 50ല്‍പരം ആടുകള്‍, കോഴി മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെ വീട്ടില്‍ വളര്‍ത്തുന്ന കര്‍ഷകയാണ് ഷഹര്‍ബാന്‍ എന്നത് പലരിലും കൗതുകമുണര്‍ത്തി. ഒപ്പം മറ്റ് ഗുണഭോക്താക്കള്‍ക്ക് പ്രചോദനവും.

നാല് ദിവസത്തെ പരിശീന പരിപാടികളില്‍ മുഴുവന്‍ സമയവും പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷഹര്‍ബാന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് പരിചയപ്പെടുത്താന്‍ ഉദേശിച്ചിരുന്നതല്ല, കര്‍ഷകയെന്ന നിലയിലാണ് പരിശീലനത്തിന് എത്തിയത്. സ്വന്തം നിലയിലുള്ള വരുമാനമെന്ന നിലക്കാണ് മൃഗസംരക്ഷണ മേഖലയിലേക്ക് എത്തിയതെന്നും അവര്‍ പറഞ്ഞു.