പൊല്‍പ്പുള്ളി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാട്ടര്‍ടാങ്ക് വിതരണോദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് പൊല്‍പ്പുള്ളിയെന്നും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റേതെന്നും കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള 315 പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പി.വി.സി വാട്ടര്‍ടാങ്ക് വിതരണം ചെയ്തത്. ഒമ്പത് ലക്ഷമാണ് പദ്ധതിക്കായി വകയിരുത്തിയത്. ഗ്രാമസഭകള്‍ മുഖേനയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അപേക്ഷിച്ച എല്ലാവര്‍ക്കും ടാങ്കുകള്‍ വിതരണം ചെയ്തതായി പരിപാടിയില്‍ അധ്യക്ഷയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.രാജന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സ്വാമിനാഥന്‍, പൊല്‍പ്പുള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കുഞ്ഞുണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.അംബിക, മെഫ്കോ പ്രസിഡന്റ് പി.കനകദാസ്, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ഇ.ഈശ്വരദാസ് എന്നിവര്‍ പങ്കെടുത്തു.