മലമ്പുഴ മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജൂലൈ 23ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് തിരുവനന്തപുരം കവടിയാര്‍ ഹൗസിലാണ് യോഗം. മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകള്‍ അടങ്ങുന്ന മേഖലയിലാണ് വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലായുള്ളത്. ആനകള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്ന പ്രദേശങ്ങളില്‍ അടിക്കാട് തെളിക്കാനും കാമറകള്‍ സ്ഥാപിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഉള്‍ക്കാടുകളില്‍ ആനകള്‍ക്ക് കുടിവെള്ളത്തിനായി കുളം കുഴിക്കുകയും ഫ്ളിക്കറിങ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കാട്ടിലേക്ക് മടങ്ങാതെ ആനകള്‍ പ്രദേശത്ത് തമ്പടിച്ചു നില്‍ക്കുന്നതിന്റെ ആശങ്ക നാട്ടിലാകെയുണ്ട്. വന്യമൃഗാക്രമണങ്ങളെ ചെറുക്കാന്‍ നടപടിയാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ മൂന്നുതവണ നിയമസഭയില്‍ സബ്മിഷന്‍ നല്‍കിയിരുന്നു. ആനകളുടെ ആക്രമണം തടയാന്‍ ഇതുവരെ സ്വീകരിച്ച പല നടപടികളും പൂര്‍ണമായും ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് എം.എല്‍.എ മന്ത്രിയെ സമീപിച്ചത്. പാലക്കാട് ജില്ലാ കലക്ടര്‍, വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രശ്നം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.