* മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

ആഗസ്റ്റ് 11ന് കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, അരുവിക്കര, ആലുവ, തിരുമുല്ലവാരം, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ബലിതർപ്പണത്തിന് സൗകര്യമൊരുക്കും. മുൻ വർഷങ്ങളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തുടരുന്നതിനൊപ്പം ആവശ്യമായ പുതിയ ക്രമീകരണങ്ങളും ഒരുക്കും.
ഇതിനുമുന്നോടിയായി അതത് സ്ഥലങ്ങളിലെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ബലിതർപ്പണവുമായി ബന്ധപ്പെട്ട മേഖലകൾക്ക് ചുറ്റുമുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തും. ആവശ്യമായ മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യവും ആരോഗ്യവകുപ്പ് സജ്ജമാക്കും. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തും. ആവശ്യമായ വൈദ്യുതി ക്രമീകരണങ്ങൾ കെ.എസ്.ഇ.ബിയും, ശുദ്ധജലലഭ്യത ഉറപ്പുവരുത്തൽ ജല അതോറിറ്റിയും നിർവഹിക്കും. സുരക്ഷാനടപടികൾ പോലീസ് വകുപ്പ് കൈക്കൊള്ളും. ആവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം ജില്ലയിൽ വർക്കല, ശംഖുംമുഖം തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിക്കാൻ കളക്ടറോട് ദേവസ്വംമന്ത്രി നിർദേശിച്ചു.
ശംഖുംമുഖം തീരത്ത് കടലാക്രമണംമൂലം തീരം ഇല്ലാതായതും റോഡ് തകർന്നതും കണക്കിലെടുത്ത് അപകടമില്ലാതെ ചടങ്ങുകൾ നിർവഹിക്കാൻ പ്രത്യേക കരുതൽ നടപടികൾ വേണമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ലം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ നഗരസഭ അറ്റകുറ്റപ്പണി നടത്താനും ആവശ്യമായ പാർക്കിംഗ് സൗകര്യം കണ്ടെത്താനും നഗരസഭയെ ചുമതലപ്പെടുത്തി. ക്ഷേത്രപരിസരവും കടവുകളും വൃത്തിയാക്കാനും പോർട്ടബിൾ ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ കുളിക്കാൻ കൂടുതൽ ഷവർ ബാത്തുകൾ സ്ഥാപിക്കാനും തീരുമാനമായി.
വർക്കലയിൽ കൂടുതലായി ആവശ്യമായ വൈദ്യുതി വിളക്കുകൾ ഒരുക്കാനും ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്. അരുവിക്കരയിൽ പഞ്ചായത്തും ദേവസ്വവും പോലീസുമായി സഹകരിച്ച് കഴിഞ്ഞവർഷത്തെപ്പോലെ സൗകര്യങ്ങളൊരുക്കും. കഠിനംകുളത്ത് ബലിതർപ്പണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ജില്ലാതല യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യും.
കൊല്ലം തിരുമുല്ലവാരത്തിലെയും ആലുവയിലെയും ബലിതർപ്പണചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കായി അതത് ജില്ലകളിൽ പ്രത്യേക യോഗം വിളിക്കും. വിവിധ വകുപ്പുകൾ ചെയ്ത ഒരുക്കങ്ങൾ വിലയിരുത്താൻ അടുത്തമാസം ആദ്യം വീണ്ടും യോഗം ചേരും.
യോഗത്തിൽ മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ വി. ജോയി, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണർ എൻ. വാസു, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ദേവസ്വം അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.