‘ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടം’ ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാനും ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി കണ്വീനറുമായ പി.കെ. സുധാകരന് മാസ്റ്റര് ആമുഖാവതരണം നടത്തി.
ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് ജനകീയ പരിപാലന സമിതി രേഖ ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് വൈ. കല്ല്യാണകൃഷ്ണന് അവതരിപ്പിച്ചു.
പുഴത്തടത്തിലെ തെരഞ്ഞെടുക്കപ്പെട്ട നീര്ത്തടങ്ങളില് ജല ബജറ്റിംഗ്, ജലവിഭവ രജിസ്റ്റര്, ജലവിഭവ ഭൂപടം, ജലവിഭവമാസ്റ്റര് പ്ലാന് തയ്യാറാക്കാനും ജലസ്രോതസ്സുകളില് ജലത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിന് ജല സ്‌കെയില് സ്ഥാപിക്കാനും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള് സാധ്യമായ ഇടങ്ങളില് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില് സ്ഥാപിക്കുന്നതിനും ശില്പശാലയില് ധാരണയായി.
നവംബര് ഒന്നിന് കേരളപ്പിറവി ദിനത്തില് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തുകള് സ്ഥാപിച്ച്് ഭാരതപ്പുഴ പുനരുജ്ജീവനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കാനും തീരുമാനിച്ചു.
കണ്ണാടി, പട്ടിത്തറ, വാണിയംകുളം, ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്. ലത, പി. ബാലന്, കെ. ഗംഗാധരന്, രാജിക, സംഘടനകളെ പ്രതിനിധീകരിച്ച് സി. നാരായണന്കുട്ടി (അനുചര), നിരജ്ഞന് (ഭാരതപ്പുഴ സംരക്ഷണസമിതി), ഉണ്ണികൃഷ്ണന് (ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ) തുടങ്ങിയവര് അനുഭവങ്ങള് പങ്കുവച്ചു. ശില്പശാലയിലെ നിര്ദ്ദേശങ്ങള് ഭാരതപ്പുഴ കോര്കമ്മിറ്റി അംഗം ഡോ.കെ.വാസുദേവന്പിള്ള ക്രോഡീകരിച്ചു.
ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് സ്മാരക ഹാളില് നടന്ന പരിപാടിയില് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്കുട്ടി, ജില്ലാ പഞ്ചായത്ത് സീനിയര് സൂപ്രണ്ട് എസ്. ഗുരുവായൂരപ്പന് എന്നിവര് സംസാരിച്ചു.