ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജിൽ ഓടന്തോട് – പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്ത്‌ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ അറിയിച്ചു. അപകട ഭീഷണി മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുന്നതിന് റവന്യൂ വകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചു.

പ്രദേശത്ത് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ 40 കുടുംബങ്ങളെ അടുത്തുള്ള വി.ആർ.ടി പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. കിഴക്കഞ്ചേരി 1 വില്ലേജിലെ പാലക്കുഴി മലയോരത്തെ കൽക്കുഴി, പി.സി.എ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് റവന്യൂ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മാറ്റി താമസിപ്പിച്ചു വരികയാണ്. പോലീസും ഫയർഫോഴ്സും കൃത്യ സമയത്ത് സ്ഥലത്ത് എത്തിയിരുന്നു.

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം പാലക്കാട് സബ്‌ കലക്ടർ ബൽപ്രീത് സിങ്, ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ജയചന്ദ്രൻ, വില്ലേജ് ഓഫീസർമാർമാരായ കൃഷ്ണകുമാരി, മഞ്ജു, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സംഘം സന്ദർശിച്ചു. അപകട സാധ്യത ഉള്ളതിനാൽ പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തഹസിൽദാർ അറിയിച്ചു.