വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐസൊലേഷന്‍ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശുപാര്‍ശ ചെയ്തത് പ്രകാരമാണ് പുതിയ ഐസൊലേഷന്‍ കെട്ടിടം നിര്‍മിക്കുന്നത്. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് വിഹിതവും കിഫ്ബി ഫണ്ടും ചേര്‍ത്ത് 1.75 കോടി ചെലവിലാണ് പുതിയ പ്രി കാസ്റ്റ് കെട്ടിടം നിര്‍മിക്കുന്നത്.

10 ബെഡുകളോട് കൂടിയ കെട്ടിടത്തില്‍ ഡോക്ടേഴ്‌സ് റൂം, നഴ്‌സിങ് സ്റ്റേഷന്‍, സ്റ്റാഫ് റൂം, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ജനറേറ്റര്‍, വാട്ടര്‍ ടാങ്ക്, ടോയ്‌ലറ്റുകള്‍, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സംവിധാനം തുടങ്ങിയവയാണ് ഒരുക്കുന്നത്. 15 മീറ്റര്‍ വീതിയിലും 35 മീറ്റര്‍ നീളത്തിലുമാണ് കെട്ടിടം നിര്‍മിക്കുക. നാല് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇബ്രാഹീം മാരാത്ത്, സലാം വളാഞ്ചേരി, ഡോ.സല്‍വ, ഡോ. അനുപമ, മലപ്പുറം എന്‍.എച്ച്.എം എഞ്ചിനീയര്‍ ടി. നൗഫല്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ആകാശ്, അജിത്ത്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ലക്ഷ്മി എന്നിവര്‍ സ്ഥല പരിശോധനക്ക് നേതൃത്വം നല്‍കി