വടുതലയിൽ ജലപ്രവാഹത്തിന് തടസം സൃഷ്ടിക്കുന്ന ബണ്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വല്ലാർപാടം റെയിൽവേ ടെർമിനലിൻ്റെ നിർമ്മാണ വേളയിൽ നിർമ്മിച്ച ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയുടെ പരിഗണനയിലാണ്. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പെരിയാറിലെ ജലം ഒഴുകിപ്പോകുന്നതിന് തടസങ്ങൾ നീക്കേണ്ടതുണ്ട്. ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്. കനത്ത മഴ മൂലം ഡാമുകൾ തുറക്കുകയും പെരിയാറിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ വെള്ളപ്പൊക്കുണ്ടാകും. പെരിയാറിലെത്തുന്ന ജലം കടലിലേക്ക് ഒഴുകി പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ തുറമുഖ ട്രസ്റ്റ് ചെയർ പഴ്സൻ ഡോ. എം. ബീന, കളക്ടർ ജാഫർ മാലിക്ക്, മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ടി. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.