സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് വിതരണം ചെയ്യാനായി സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് ‘കരുതലോടെ മുന്നോട്ട്’ പദ്ധതി നടപ്പിലാക്കുന്നു. ഒക്ടോബര്‍ 25 മുതല്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് നിരവധി പേര്‍ക്ക്് ഫലം ചെയ്ത ആഴ്‌സനിക് ആല്‍ബം-30 എന്ന മരുന്നാണ് പ്രതിരോധഷേശി വര്‍ധിപ്പിക്കാനായി കുട്ടികള്‍ക്ക് നല്‍കുക.

വളരെ ലളിതമായ ഒരു ആപ് വഴി, രക്ഷിതാക്കളുടെ സമ്മത പ്രകാരം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് മരുന്ന് വിതരണം ചെയ്യുക. ഇത്തരത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് അവരവരുടെ തദ്ദേശ ഭരണസ്ഥാപനത്തിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ

ഡോക്ടര്‍മാരെ സമീപിച്ചാല്‍ മരുന്ന് ലഭ്യമാക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് വിതരണം ചെയ്യാനുള്ള ‘കരുതലോടെ മുന്നോട്ട്’ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ ജില്ലയില്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ബോധവല്‍കരണ ക്ലാസുകള്‍ വിവിധ സ്ഥലങ്ങളിലായി നടന്നുവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐ.ആര്‍. അശോക് കുമാര്‍ അറിയിച്ചു.