കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വി.ഇ.ഒമാര്‍ക്കും ഏക ദിന പരിശീലനം സംഘടിപ്പിച്ചു. ആശ്രയ, അഗതി രഹിത കേരളം പദ്ധതികളില്‍ ഉള്‍പ്പെടാതെപോയ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള സഹായവും പദ്ധതികളും സൂക്ഷ്മാസൂത്രണത്തിലൂടെ നടപ്പിലാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, കില സംസ്ഥാനതല മാസ്റ്റര്‍ പരിശീലകരായ പപ്പന്‍ കുട്ടമത്ത്, അജയന്‍ പനയാല്‍, രാജാറാം, ഇ.വി ഗംഗാധരന്‍, എച്ച്. കൃഷ്ണ തുടങ്ങിയവര്‍ ക്ലാസെടുത്തു.

ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കും. തുടര്‍ന്ന് എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കിടയില്‍ സര്‍വേ നടത്തും. ഈ രീതിയിലാണ് ഒഴിഞ്ഞുപോയവരെ കണ്ടെത്തുന്നത്. അതിനായി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കും.