മലപ്പുറം :ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ കൃഷി വിജ്ഞാന കേന്ദ്രം 2019-2020ല്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എക്‌സറ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന പരിപാടിയുടെ ഉദ്ഘാടനവും ഒക്‌ടോബര്‍ 23ന് നടക്കും. 2021 മാര്‍ച്ചില്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിച്ച 40 പേരടങ്ങുന്ന ജില്ലയിലെ ആദ്യബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണമാണ് നടക്കുന്നത്. തവനൂര്‍ കെ.സി.എ.ഇ.റ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടി ഉദ്ഘാടനവും നിര്‍വഹിക്കും. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷനാവും. ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ. ചന്ദ്രന്‍ പദ്ധതി വിശദീകരിക്കും.

വളം സസ്യ സംരക്ഷണോപാധികളുടെ വിപണനരംഗത്തുള്ളവര്‍ക്ക് ശാസ്ത്രീയ കൃഷിയുടെയും ഉത്പാദനോപാധികളുടെ ശരിയായ വിനിയോഗത്തിന്റെ അറിവുകള്‍ നല്‍കുന്നതിന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്‌സറ്റന്‍ഷന്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഡി.എ.ഇ.എസ്.ഐ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് രൂപം നല്‍കിയിട്ടുളളത്. സംസ്ഥാന തലത്തില്‍ കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ എസ്.എസ്.എം.ഇ.ടി.ഐയും ജില്ലാതലത്തില്‍ ആത്മയും സംയുക്തമായാണ് വിവിധ പരിശീലന കേന്ദ്രങ്ങള്‍ മുഖേന കോഴ്‌സ് നടപ്പാക്കുന്നത്. പരിപാടിയില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.