എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. ഡോ. കെ.ടി ജലീല്‍ പറഞ്ഞു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ബഡ്‌സ് സ്‌കൂള്‍, ഹരിത കര്‍മ്മസേന എന്നിവയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 200 പുതിയ സ്‌കൂളുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് സ്‌കുളൂകള്‍ ആരംഭിക്കുക. ഓരോ സ്‌കൂളിനും 25 ലക്ഷം രൂപ സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എം.എല്‍.എമാരുടെയും എം.പി മാരുടേയും പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടും ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പഞ്ചായത്തിലും 100 ല്‍ കുറയാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉണ്ടെന്ന കണ്ടെത്തെലിന്റെ അടിസ്ഥാനത്തിലാണ് ബഡ്‌സ് സ്‌കുളുകള്‍ കൂടുതലായി ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിന് മതിയായ യോഗ്യതയുളള അദ്ധ്യാപകരെ നിയമിക്കുന്നതിനും പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ശരിയായ പരിശീലനവും ശിക്ഷണവും നല്‍കി സ്വന്തം കാര്യങ്ങള്‍ നോക്കുന്നതിന് ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് മന്ത്രി പ്രസിഡന്റ് തങ്കമണി ശശിക്ക് കൈമാറി. പൂവക്കുളം ഗവ. യൂ.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ 28 ഗുണഭോക്താക്കള്‍ക്കുള്ള അനുവാദ പത്രം കൈമാറല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഹരിതകര്‍മ്മസേനാംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സാ രാജന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.സുരേഷ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി സ്വാഗതവും സെക്രട്ടറി റ്റി.ജിജി നന്ദിയും പറഞ്ഞു