മലപ്പുറം: ആസാദി ക അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനപ്രതിനിധികള്‍ക്കായുള്ള നിയമബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയും പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പോക്‌സോ ആക്ട് 2012, സീനിയര്‍ സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ആക്ട് 2007 എന്നീ നിയമങ്ങള്‍ സംബന്ധിച്ച് ക്ലാസുകളെടുത്തു. ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം രാജ്യത്തുടനീളം നിയമ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 14 വരെ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് നഗരസഭയിലെ ജനപ്രതിനിധികള്‍ക്ക് നിയമ ക്ലാസ് സംഘടിപ്പിച്ചത്.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷയായി. പരിപാടിയില്‍ അഡ്വ.പി.കെ ഖലീമുദ്ധീന്‍ ക്ലാസുകളെടുത്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി കെ.വി സൗമ്യ, പാരാലീഗല്‍ വളണ്ടിയര്‍ ടി.വി അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.