ജനാധിപത്യം സംരക്ഷിക്കാൻ വിദ്യാർഥികൾ സജീവമായി രംഗത്തിറങ്ങണമെന്നു പട്ടികജാതി – പട്ടികവർഗ – സാംസ്‌കാരിക – നിയമ – പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലൻ. വിദ്യാർഥികളിൽ ജനാധിപത്യ, മതനിരപേക്ഷ ബോധം ശക്തിപ്പെടുത്താനുള്ള ഊർജം സംഭരിക്കേണ്ടതു വിദ്യാലയങ്ങളിൽനിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്ററി ലിറ്ററസി ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയെ വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണു പാർലമെന്ററി ലിറ്ററസി ക്ലബ് എന്ന ആശയം ആവിഷ്‌കരിച്ചതെന്നു മന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന ബോധം വിദ്യാർഥികൾക്കുണ്ടാകണം. ഇതാണു ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവവും. ഇതിന് അപകടമുണ്ടാകുന്ന യാതൊന്നും അനുവദിക്കരുതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വിദ്യാഭ്യാസം തേടി അൺ-എയ്ഡഡ് സ്‌കൂളികളിലേക്കു പരക്കംപാഞ്ഞിരുന്ന കാലം അവസാനിച്ചെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതു വിദ്യാലയങ്ങളെ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. 48000 ക്ലാസ് മുറികളാണ് ഈ വർഷം ഹൈടെക് ആക്കുന്നത്. നിലവിൽ 32000 ക്ലാസ് റൂമുകൾ ഹൈടെക് ആയിട്ടുണ്ട്. പഠന മികവും ഇതിനൊപ്പം ഉയരുകയാണ്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുന്നതിനൊപ്പം പുതുതലമുറയുടെ ബൗദ്ധിക നിലവാരത്തിലും വലിയ മാറ്റങ്ങളുണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്ററി ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനവികം പരിപാടിയിലെ സെമിനാറിൽ പങ്കെടുത്ത വിദ്യാർഥികൾക്കു മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ബിജു ലക്ഷ്മൺ, കൗൺസിലർ രമ്യ രമേശ്, പിടിഎ പ്രസിഡന്റ് രാജീവ് വെഞ്ഞാറമൂട്, പ്രിൻസിപ്പാൾ എൻ. രത്നകുമാർ, ഹെഡ്മാ്റ്റർ രവിന്ദ്ജി, ജനറൽ സ്റ്റാഫ് സെക്രട്ടറി ശ്യാം ലാൽ എന്നിവർ പങ്കെടുത്തു.