സഹകരണ സംഘങ്ങൾ സാങ്കേതിക സംവിധാനത്തിലൂടെ കൂടുതൽ ആധുനികവത്കരിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച ആഘോഷങ്ങളുടെ സമാപനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. ന്യൂജനറേഷൻ ബാങ്കുകൾക്ക് ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നത് വളരെ പെട്ടന്ന് സേവനങ്ങൾ ലഭ്യമാക്കുന്നതിനാലാണ്. സഹകരണ സ്ഥാപനങ്ങളും ഇത്തരത്തിൽ മാറിയാൽ ഈ ഒഴുക്ക് തടയാൻ കഴിയും. ഉന്നതവിദ്യാഭ്യാസ മേഖലയിലും ടൂറിസത്തിന്റെ വളർച്ചക്കും ആരോഗ്യമേഖലയിലും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്താൻ സഹകരണമേഖലയ്ക്ക് കഴിയണം. സഹകരണ മേഖലയിലെ സേവന പ്രവർത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് വട്ടിപ്പലിശക്കാരെ തടയുന്നതിന് ആരംഭിച്ച മുറ്റത്തെ മുല്ല എന്ന പദ്ധതി. ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ഓണക്കാലത്ത് 3500 ഓണച്ചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സഹകരണസംഘം രജിസ്ട്രാർ ഇ.ആർ. രാധാമണി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻനായർ സഹകരണദിന സന്ദേശം നൽകി. കെ.എസ്.സി.എ.ആർ.ഡി.ബി പ്രസിഡന്റ് സോളമൻ അലക്‌സ്, കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്, കരകുളം കൃഷ്ണപിള്ള, ടൂർഫെഡ് ചെയർമാൻ സി.അജയകുമാർ, എസ്.സി, എസ്.ടി ഫെഡറേഷൻ പ്രസിഡന്റ് വേലായുധൻ പാലക്കണ്ടി, വനിതാഫെഡ് ചെയർപേഴ്‌സൺ കെ.ആർ. വിജയ, കെ.സി.ഇ.യു ജനറൽ സെക്രട്ടറി വി.എ.രമേഷ്, കെ.സി.ഇ.എഫ്, ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, കെ.സി.ഇ.സി ജനറൽ സെക്രട്ടറി വി.എം.അനിൽ, സി.ഇ.ഒ ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകളും സ്പീക്കർ വിതരണം ചെയ്തു.