– നഷ്ടപ്പെട്ട രേഖകൾ നൽകാൻ പ്രത്യേക അദാലത്ത്
– റവന്യൂമന്ത്രി മണിമലയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു

കോട്ടയം: മണിമലയടക്കം ദുരിതബാധിത മേഖലകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ദ്രുതനടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ പറഞ്ഞു. മണിമലയിലെ ദുരിതബാധിതമേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒത്തൊരുമിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനമാണ് നടക്കുന്നത്. രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ പ്രത്യേക അദാലത്ത് നടത്തും. മലവെള്ളപ്പാച്ചിലിൽ മൂന്നാനിയിലെ മാവേലിസ്‌റ്റോറിന് സാരമായി കേടുപാടു സംഭവിച്ചിരുന്നു. ഇവിടെ തിങ്കളാഴ്ച മുതൽ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ സേവനം ലഭ്യമാക്കും. ഭക്ഷ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ തകർന്ന നൂലുവേലിക്കടവ് തൂക്കുപാലം പുനസ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ കെല്ലിനെയും ആവശ്യമെങ്കിൽ തദ്ദേശസ്വയംഭരണ ഓവർസിയർമാരെയും ചുമതലപ്പെടുത്താൻ കളക്ടർക്ക് നിർദേശം നൽകി. വെള്ളാവൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെറുവള്ളി പാലം, പഴയിടം കോസ്‌വേ എന്നിവ നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാപാരികൾക്കുണ്ടായ നഷ്ടവും മറ്റു പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വെള്ളംകയറിയ മണിമല പൊലീസ് സ്‌റ്റേഷൻ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളംകയറി രേഖകളും സർട്ടിഫിക്കറ്റും മറ്റും നശിച്ച മണിമല മുണ്ടപ്ലാക്കൽ മുഹമ്മദ് അസ് ലമിന്റെ വീട് മന്ത്രി സന്ദർശിച്ചു. രേഖകളും സർട്ടിഫിക്കറ്റുളും ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പു നൽകി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, എ.ഡി.എം. ജിനു പുന്നൂസ്, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.