എളവള്ളി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ഗാന്ധിസ്മാരക റോഡിൽ അപകട ഭീഷണിയുയർത്തുന്ന പാഴ്മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി. റോഡിനോട് ചേർന്നു കിടക്കുന്ന കേരള ഗാന്ധിസ്മാരക നിധിയുടെ രണ്ട് ഏക്കറോളം വരുന്ന ഭൂമിയുടെ അതിർത്തിയിലുള്ള പാഴ്മരങ്ങളായ പന, പൊടി ഐനി, ശീമക്കൊന്ന എന്നിവയാണ് അപകടം സൃഷ്ടിക്കുന്ന വിധത്തിൽ ചെരിഞ്ഞു നിൽക്കുന്നത്. പത്തടി ഉയരമുള്ള മൺത്തിട്ടയിൽ നിന്നും പന്തലിച്ചു നിൽക്കുന്ന മരങ്ങൾ ഏതുസമയവും നിലംപൊത്താൻ സാധ്യതയുള്ളതാണ്. മരങ്ങൾ വീണ് ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴുന്നതിനും പോസ്റ്റുകൾ തകരുന്നതിനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
പരിസരവാസികളുടെ പരാതിയെ തുടർന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മരങ്ങൾ മുറിച്ചു നീക്കുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കേരള ഗാന്ധിസ്മാരക നിധി ഭാരവാഹികൾക്ക് കത്ത് നൽകിയിരുന്നു. ഗാന്ധിസ്മാരക നിധി ഭാരവാഹികൾ സ്ഥലത്തെത്തി മരങ്ങൾ മുറിച്ചു നീക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ കെ ഡി വിഷ്ണു, ടി സി മോഹനൻ, ജലനിധി സെക്രട്ടറി പി എം ജോസഫ്, ജിൻ്റൊ തേറാട്ടിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.