ഗ്രന്ഥശാലകൾക്ക് പത്ര-ആനുകാലിക പ്രസിദ്ധീകരണങ്ങൾ നൽകുന്ന പദ്ധതിക്കും വായനാമൂലകൾക്കും ശ്രീനാരായണപുരം പഞ്ചായത്തിൽ തുടക്കം. ആധുനികകാലത്ത് വായനശാലയിലെത്തുന്നവരുടെ എണ്ണം പരിമിതമായ സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വായനക്കാരുള്ളിടത്തേയ്ക്ക് പുസ്തകങ്ങളെത്തിച്ച്, വായനയെ വളർത്തുക എന്നതാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രന്ഥശാല സംഘങ്ങളിൽ രജിസ്റ്റർ ചെയ്ത വായനശാലകളിലും പുതിയതായി വായനാമൂലകൾ ആരംഭിക്കും.
രണ്ട് പത്രങ്ങളടക്കം 16 ആനുകാലികങ്ങൾ നൽകുന്ന ബൃഹത്തായ പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കം കുറിച്ചത്. പദ്ധതിയുടെയും യുവതരംഗം വായനശാലയുടെ വായനമൂലയുടെയും ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ, വൈസ് പ്രസിഡൻ്റ് സി സി ജയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ നൗഷാദ്, കെ എ അയൂബ്, കെ ആർ രാജേഷ്, കെ കെ ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.hഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ആദരിച്ചു.