മഴക്കാലക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദുവെത്തി. എടത്തുരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി എച്ച് എസ് എസ്, ആൽഫ പാലിയേറ്റീവ് കെയർ എന്നിവിടങ്ങളിലെ ക്യാമ്പിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. വൈകീട്ട് 6 മണിയോടെ എത്തിയ മന്ത്രി അന്തേവാസികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമ്പിലെ കുട്ടികൾക്ക് പഠന സൗകര്യത്തിനായി മൊബൈൽ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ക്യാമ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും വീടുകളിലെ വെള്ളം ഇറങ്ങുന്നതിനനുസരിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കയ്പമംഗലം മണ്ഡലത്തിൽ ഏറ്റവും കൂടുതല്‍ പേര്‍ കഴിയുന്ന ക്യാമ്പായ ചെന്ത്രാപ്പിന്നിയിൽ 34 കുടുംബങ്ങളിൽ നിന്നായി 81പേരാണുള്ളത്. ആൽഫ പാലിയേറ്റീവ് കെയറിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി എട്ട് പേരാണുള്ളത്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, എടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, തഹസിൽദാർ കെ രേവ, വില്ലേജ് ഓഫീസർ റജുല റഷീദ്, വിവിധ ജനപ്രതിനിധികൾ മന്ത്രിയോടൊപ്പം ക്യാമ്പ് സന്ദർശിച്ചു.