പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ സ്വാസ്ഥ്യ ഭരത് യോജന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വെബ്കാസ്റ്റിങ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ നിര്‍വഹിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയായി.

ആരോഗ്യമേഖലയില്‍ ചികിത്സാസൗകര്യങ്ങള്‍, രോഗ നിരീക്ഷണം, ഗവേഷണങ്ങള്‍ തുടങ്ങിയവ ശക്തിപ്പെടുത്തുകയും ആരോഗ്യ മേഖലയില്‍ നഗര-ഗ്രാമ തലങ്ങളിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പ്രാഥമിക-ദ്വിതീയ-തൃതീയ ചികിത്സാ മേഖലകള്‍ ശാക്തീകരിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

മലപ്പുറം നഗരസഭയിലെ കോവിഡ് വാക്‌സിനേഷനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ വളണ്ടിയര്‍മാരുടെ ഉപഹാരം ഡോ. എം. പി. അബ്ദുസമദ് സമദാനി എം. പി. മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: സി. അലീഗര്‍ ബാബുവിന് നല്‍കി ആദരിച്ചു. മലപ്പുരം നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.