ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി സൗജന്യമായി ദുബായ് എക്‌സ്‌പോ കാണാന്‍ അവസരമൊരുക്കുന്നതിനായി നടത്തിയ ജില്ലാതല പരീക്ഷയില്‍ 60 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടന്ന മത്സര പരീക്ഷയില്‍ ജില്ലയിലെ വിവിധ സ്‌കുളുകളില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മാറ്റുരച്ചത്. ഒരു മണിക്കൂര്‍ നീണ്ട് നിന്ന ആദ്യ റൗണ്ട് പരീക്ഷയില്‍ നിന്ന് 14 പേരെ തെരഞ്ഞെടുക്കുകയും അവര്‍ക്കായി നടത്തിയ രണ്ടാം റൗണ്ട് പരീക്ഷയില്‍ നിന്നും ആറ് പേരെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. ഇന്ന് (ചൊവ്വ) നടക്കുന്ന ഇന്റര്‍വ്യൂവിലൂടെ കണ്ടെത്തുന്ന ഒരാള്‍ക്കായിരിക്കും ദുബായ് എക്‌സ്‌പോ കാണാന്‍ അവസരമൊരുങ്ങുക. വിദ്യാര്‍ത്ഥികളുടെ വിവിധ തലങ്ങളിലുള്ള അറിവുകള്‍ പരിശോധിക്കുന്ന തരത്തിലുള്ള പരീക്ഷയാണ് നടന്നത്.
രാജ്യത്തെ 112 ആസ്പിരേഷണല്‍ ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയാണ് വയനാട്. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ കളക്ടര്‍ എ. ഗീത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് എന്നിവര്‍ പരീക്ഷയ്ക്ക് ശേഷം കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് രൂപകല്‍പ്പന ചെയ്ത പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹന നുഹ്മാന് ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. ജില്ലാ പ്ലാനിംങ് ഓഫീസര്‍ വി.എസ്. ബിജു, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. ലീല, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പ്രസന്ന, എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ജില്ലാതല പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.