അധ്യാപക-അനധ്യാപകര്‍, ഡ്രൈവര്‍മാര്‍, സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയ്ക്കായുള്ള നടപടികള്‍ ക്രോഡീകരിക്കുന്നതിന് ചേര്‍ന്ന ജില്ലാതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗത്തിലാണ് നിര്‍ദ്ദേശം.
സ്‌കൂളുകളിലുള്ള കിണറുകളിലെ ജലം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. ലഹരിഉപഭോഗത്തിനെതിരെ ബോധവല്‍ക്കരണം ഉറപ്പാക്കണം. പോലീസ്, എക്‌സൈസ് നിരീക്ഷണം ശക്തിപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാമുഖ്യം നല്‍കി സ്‌കൂളിലും പരിസരത്തും വീടുകളിലും ശുചിത്വ പൂര്‍ണവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കണം. ആറ് വയസ്സു മുതലുള്ള കുട്ടികളുടെ സാന്നിദ്ധ്യം നിരീക്ഷിക്കണം. ശാരീരക വെല്ലുവിളി നേരിടുന്നവരും പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂള്‍ ആരോഗ്യ പദ്ധതി വീണ്ടും തുടങ്ങണം. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. 20 മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം നിലനിറുത്താനുള്ള പ്രവര്‍ത്തനം നടത്തണം. കോവിഡ് മാനദണ്ഡപാലനം കൃത്യമാക്കുന്നതിന് സ്റ്റുഡന്‍ഡ് പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസൃതമായി തെര്‍മല്‍ സ്‌കാനറുകള്‍ ലഭ്യമാക്കണം – കമ്മീഷന്‍ നിര്‍ദേശിച്ചു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. അംഗം റെനി ആന്റണി വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, എസ്. പി. സി. നോഡല്‍ ഓഫീസര്‍ അനില്‍ കുമാര്‍, ഡി. ഇ. ഒമാര്‍, എ. ഇ. ഒമാര്‍, വിവിധ വകുപ്പ്തല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.