കുടുംബശ്രീ അംഗങ്ങളല്ലാത്ത 18 നും 40 വയസ്സിനും ഇടയിലുളള യുവതികളെ കുടുംബശ്രീ പ്രവർത്തനവുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നു. നിലവിൽ കുടുംബശ്രീ അംഗങ്ങൾ ഉള്ള കുടുംബങ്ങളിലെ മറ്റു വനിതകൾക്കും ഓക്സിലറി ഗ്രൂപ്പിൽ ചേരാം.

ഒരു വാർഡിൽ കുറഞ്ഞത് ഒരു ഗ്രൂപ്പാണ് ആദ്യ ഘട്ടത്തിൽ രൂപീകരിക്കുക. ഒരു ഗ്രൂപ്പിൽ പരമാവധി 50 പേർക്ക് അംഗങ്ങളാകാം. നൂതന തൊഴിൽ സാധ്യതകൾ , സാമൂഹിക സാംസ്കാരിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സ്ത്രീകളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനുമുള്ള വേദി ആയാണ് ഗ്രൂപ്പ് പരിഗണിക്കുക. മാസത്തിൽ കുറഞ്ഞത് പത്ത് രൂപ പ്രവർത്തന ഫണ്ടായി ഓരോ അംഗങ്ങളും ഗ്രൂപ്പിന് നൽകണം. ഒരു ഗ്രൂപ്പിൽ ടീം ലീഡറെ കൂടാതെ ഫിനാൻസ്, കോ-ഓർഡിനേഷൻ, സാമൂഹ്യ വികസനം, ഉപജീവനം എന്നീ മേഖല തിരിച്ചും ലീഡർ മാരുണ്ടാകും.

ഓക്സിലറി ഗ്രൂപ്പുകളിലെ അംഗങ്ങളെ സ്വീകരിക്കുന്നതിനായി ജില്ലയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “സ്വീകരണോത്സവ ” പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു. തൃക്കാക്കര നഗരസഭയിലെ ഓക്സിലറി ഗ്രൂപ്പ് വനിതകൾക്ക് ചേംബറിൽ നടന്ന ചടങ്ങിൽ കളക്ടർ സ്വീകരണം നൽകി.

ഓക്സിലറി ഗ്രൂപ്പുകൾ കുടുംബശ്രീ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറട്ടെ എന്ന് കളക്ടർ ആശംസിച്ചു. ചടങ്ങിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ് , അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ റജീന റ്റി എം , വിജയം കെ , പ്രീതി എം ബി ,
രാഗേഷ് കെ ആർ ,ജില്ലാ പ്രോഗ്രാം മാനേജർ അജീഷ എം എ , ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ അനീഷ , ആനി ജോസ് എന്നിവർ പങ്കെടുത്തു.