കേരളത്തില്‍ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി വിവരശേഖരണത്തിന് മുന്നോടിയായുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കായുള്ള പരിശീലന പരിപാടി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തില്‍ തടിയമ്പാട് ഇടുക്കി ബ്ലോക്ക് ഹാളില്‍ നടന്നു.

അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കുക എന്നതാണ് പരിശീലന ലക്ഷ്യം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് ജിജി. കെ ഫിലിപ് നിര്‍വഹിച്ചു.

ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് അസിസ്റ്റന്റ് ഡയറക്ടര്‍ സഫിയ ബീവി, പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഉഷ, പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.ലതീഷ് എന്നിവര്‍ സംസാരിച്ചു. ഇടുക്കി ബി.ഡി.ഓ മുഹമ്മദ് സബീര്‍ സ്വാഗതം അറിയിച്ചു. കിലാ ജില്ലാ ഫെസിലിറ്റേറ്റര്‍ പി. വി മധു, ആര്‍. ജി എസ്. എ ജില്ലാ കോര്‍ഡിനേറ്റര്‍ അല്‍ഫോന്‍സ ജോണ്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരീശീലനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി ബ്ലോക്ക് ഹാളില്‍ നടക്കും.