അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അതിദരിദ്രരെ കണ്ടെത്താന്‍ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുമ്പോള്‍ അനര്‍ഹര്‍ ഉള്‍പ്പെടരുതെന്നും അര്‍ഹരായവര്‍ വിട്ടു പോകരുതെന്നും ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങല്‍ സര്‍ഗാലയ രവിവര്‍മ്മ ഹാളില്‍ നടന്ന തദ്ദേശ അധ്യക്ഷന്മാരുടെ ഏകദിന പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്റെ അഭിമാന പദ്ധതിയാണിതെന്നും പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഊന്നല്‍ കൊടുക്കേണ്ട താണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടുപോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍നിന്നും രക്ഷനേടാനുള്ള സഹായങ്ങളും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2021 ഡിസംബര്‍ 31നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ മുന്നൊരുക്കമായാണ് ജില്ലയിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് ഏകദിന പരിശീലനം നല്‍കിയത് .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ജി.പ്രമോദ് കുമാര്‍, പി.കെ.ബാലകൃഷ്ണന്‍, രഘുനാഥ് കെ.കെ ,സി.എം.സുധ, മനോജന്‍ കൊയപ്ര ,ടി.ടി അശോകന്‍, പി എ യു പ്രൊജക്ട് ഡയറക്ടര്‍ സിജു തോമസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു .