ആലപ്പുഴ: ബീച്ച് സൗന്ദര്യവത്ക്കരണ നടപടികളുടെ ഭാഗമായി ബീച്ചിലെ മാലിന്യങ്ങൾ ഉടന്‍ നീക്കം ചെയ്യാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബീച്ചില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയശേഷം കളക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ പാർക്കിന് സമീപം കെട്ടികിടക്കുന്ന മലിനജലവും മാലിന്യങ്ങളും ഉടന്‍ നീക്കം ചെയ്യാനും കാടു വെട്ടിത്തെളിക്കാനും നടപടി സ്വീകരിക്കണം. ബീച്ചിലെ നടപ്പാത രണ്ടു വശങ്ങളിലും ഇരിപ്പിട സൗകര്യത്തോടെ പുതുക്കി പണിയുന്നതിനായി പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി.
ബീച്ചിലെ നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങൾ തടയും. കടകൾക്കായി പ്രത്യേക സ്ഥലം അനുവദിക്കും. കടകള്‍ക്കെല്ലാം ഒരേ നിറം നല്‍കുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യും. കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും പ്രത്യേകമായി നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കും. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം നീക്കുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിന്‍റെ നിരക്ക് ഏജന്‍സിയുമായി ചര്‍ച്ച ചെയ്ത് വ്യാപാരികള്‍ തന്നെ നിശ്ചയിക്കണം.
മാലിന്യ നീക്കത്തിന് കുടുംബശ്രീ പ്രവർത്തകരുടെ സേവനം തേടും. ശുചിമുറി കെട്ടിടത്തിന്‍റെ നിർമ്മാണം വേഗത്തിലാക്കാനും യോഗത്തില്‍ തിരുമാനമായി. സബ് കളക്ടർ സൂരജ് ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.