സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലം ജില്ലാതല അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. 18 മുതല്‍ 40 വരെ പ്രായമുള്ളവരുടെ 16 പരാതികളാണ് പരിഗണിച്ചത്. പുതുതായി നാല് പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്തില്‍ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന വസ്തു പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിനായി ഏറ്റെടുത്തിരുന്നു. സ്ഥലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്ഥലത്തെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പരാതിയുമായി കമ്മീഷനെ സമീപിക്കുകയുണ്ടായി. കളിസ്ഥലം നിലനിര്‍ത്തുവാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായുള്ള വിവരം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

ചടയമംഗലത്ത് ബാങ്ക് എ.ടി.എമ്മിന് മുന്നില്‍ പൈസ എടുക്കാന്‍ നിന്ന പെണ്‍കുട്ടിക്കെതിരെ കോവിഡ് മാനദണ്ഡലംഘനത്തിന് പിഴ ചുമത്തിയതിന് പോലീസിനെതിരെ  പരാതിയുമായി പെണ്‍കുട്ടി കമ്മീഷനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വീണ്ടും വാദം കേള്‍ക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അടുത്ത അദാലത്തില്‍ കേസ് വീണ്ടും പരിഗണിക്കും. യുവജന കമ്മീഷന്‍ അംഗങ്ങളായ വി. വിനില്‍, പി. എ. സമദ്, റെനീഷ് മാത്യു, സെക്രട്ടറി ക്ഷിതി വി. ദാസ്, ഫിനാന്‍സ് ഓഫീസര്‍ ഷീന സി. കുട്ടപ്പന്‍, അസിസ്റ്റന്റുമാരായ എസ്. എന്‍.രമ്യ, പി. അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു.