കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി എല്ലാ മേഖലകളിലും മാതൃകയായി മാറാനൊരുങ്ങി ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തും എന്‍മകജെ പഞ്ചായത്തും. കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി (സാഗി)യുടെ ഭാഗമായി മാതൃകാഗ്രാമങ്ങളാക്കാന്‍ അഞ്ചാം ഘട്ടത്തില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനെയും ആറാം ഘട്ടത്തില്‍ എന്‍മകജെ ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തതായും കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാര്‍ഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെസ്റ്റ് എളേരിയും എന്‍മകജെയും മാതൃകാഗ്രാമങ്ങളാക്കുക. പദ്ധതിയിലേക്ക് ലോക്‌സഭാംഗത്തിന് തന്റെ നിയോജക മണ്ഡലത്തിലെയും രാജ്യസഭാംഗത്തിന് സംസ്ഥാനത്തെ ഏതൊരു ജില്ലയിലെയും ഗ്രാമീണമേഖലയില്‍ നിന്നും ഗ്രാമപഞ്ചായത്തുകകളെ ദത്തെടുക്കാവുന്നതാണ്.