സംസ്ഥാന-ദേശീയപാതകളിലെ കുഴികൾ ഉടൻ അടക്കാൻ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകൾ ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനുമായി ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.
റോഡുകളുടെ അറ്റകുറ്റപണികൾ, പരിപാലനം, പരിശോധന എന്നിവക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ(എസ്.ഒ.പി) വികസിപ്പിക്കും. അറ്റകുറ്റപണികൾ ആവശ്യമുള്ളിടത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഇതിനായി ആവശ്യമുള്ള അത്രയും ബോർഡുകൾ കരുതണം.
വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ജീവന് ഭീഷണി ആവുന്നതിനാൽ അപകടമരണങ്ങൾ ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ദുരന്തനിവാരണ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.
കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ കാലവർഷത്തിൽ ഉണ്ടായ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത കമ്പനിക്കും കെ.എസ്.ടി.പിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
എൽ. എസ്. ജി. ഡി എക്സിക്യൂട്ടീവ് എൻജിനീയർ ചന്ദ്രൻ. സി, പൊതുമരാമത്ത് വകുപ്പ്(എൻ. എച്ച്) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി, ജമാൽ മുഹമ്മദ്, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, പൊതുമരാമത്ത് വകുപ്പ്(റോഡ്സ്)എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി. കെ, ട്രാഫിക്(നോർത്ത് )എ. സി. പി രാജു പി. കെ, എൻ. എച്ച്. എ. ഐ സൈറ്റ് എഞ്ചിനീയർ ഹർകേഷ് മീണ, പ്രൊജക്റ്റ് മാനേജർ കോയ മോൻ കെ. പി, യു. എൽ. സി.സി. എസ് പ്രൊജക്റ്റ് മാനേജർ അജിത് കുമാർ, സൈറ്റ് എഞ്ചിനീയർ വിപിൻ കെ. വി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.