ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ- യുവ കേരളം പദ്ധതി അവലോകനവും അനുമോദനവും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എ.ഡി.എം.സി പ്രകാശന്‍ പാലായി അധ്യക്ഷനായി. എ.ഡി.എം.സി ഇഖ്ബാല്‍, ഡി.പി.എം എം. രേഷ്മ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഏജന്‍സികളുടെ പ്രതിനിധികളും സംസ്ഥാന ചുമതലയുള്ള ഉദ്യോഗസ്ഥരും കോ-ഓര്‍ഡിനേറ്റര്‍മാരും സി.ഡി.എസ് കമ്യൂണിറ്റി വളണ്ടിയര്‍മാരും സി.ഡി.എസ് പ്രതിനിധികളും പങ്കെടുത്തു.

സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പെരിയ എസ്.എന്‍ ട്രസ്റ്റിനും പദ്ധതിയുടെ ഭാഗമായി മികച്ച ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ച എട്ട് പേര്‍ക്കും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ ഉപഹാരങ്ങള്‍ നല്‍കി.

ഗ്രാമപ്രദേശങ്ങളിലെ യുവതീ യുവാക്കള്‍ക്ക് പരിശീലനവും തൊഴിലും നല്‍കുന്നതിനായി ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന. കുടുംബശ്രീ വഴി പൂര്‍ണമായും സൗജന്യമായി നല്‍കി വരുന്ന ഈ പദ്ധതിയില്‍ ന്യൂനപക്ഷം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് മുന്‍ഗണന.

ദിവസേന 125 രൂപ യാത്രാബത്തയുള്‍പ്പെടെ നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന മറ്റൊരു സൗജന്യ തൊഴില്‍ പരിശീലന പരിപാടിയാണ് ‘യുവകേരളം’. ഇരു പദ്ധതികളും വിജയകരമായാണ് ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കി വരുന്നത്.