നനുത്ത മഴ ശ്രുതിമീട്ടിയ നിശാഗന്ധിയില്‍ പ്രഥമ ‘മണ്‍സൂണ്‍ സംഗീതോത്സവ’-ത്തിന്റെ രാഗമുണര്‍ന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍, നിറഞ്ഞ സദസിനെ സാക്ഷിയാക്കി, പ്രമുഖ വയലിനിസ്റ്റ് ആറ്റുകാല്‍ ബാലസുബ്രഹ്മണ്യത്തിനു വയലിന്‍ കൈമാറി, ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം സംഗീതോത്സവത്തിനു തുടക്കമിട്ടു. ആ വയലിനില്‍നിന്നുതിര്‍ന്ന നാദവീചിക്കൊപ്പം സപ്ത സ്വരങ്ങളുടെ പ്രതീകമായി വേദിയില്‍ ഏഴു നിലവിളക്കുകളും പ്രഭചൊരിഞ്ഞു.
നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ മാതൃകയില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കു സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കേണ്ടതുണ്ടെന്നും അതിനായി വ്യോമ ഗതാഗതമടക്കം സഞ്ചാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ദിനംപ്രതി വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ രിതിയില്‍ കേരളത്തിലേക്കും സര്‍വീസുകള്‍ വന്നാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
നിശാഗന്ധി സംഗീതോത്സവത്തിന്റെ ശീര്‍ഷക ഗാനവും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ഗാനത്തിന്റെ രചയിതാവും മുന്‍ ചീഫ്  സെക്രട്ടറിയുമായ കെ. ജയകുമാറിനും സംഗീത സംവിധാനം നിര്‍വഹിച്ച മാത്യു ഇട്ടിക്കും ഗവര്‍ണര്‍ ഉപഹാരം നല്‍കി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ എന്നിവരും പങ്കെടുത്തു.