നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ ആദ്യ ദിനത്തില്‍ സൂപ്പര്‍ കിഡ്‌സ് ബാന്‍ഡിനൊപ്പം ആറാടിയും ബോംബെ ജയശ്രീയുടെ കര്‍ണാടിക് സംഗീതത്തില്‍ ലയിച്ചും ജനസാഗരം. അമൃതവര്‍ഷിണി, സ്റ്റീവന്‍ സാമുവല്‍ എന്നിവരുടെ ഡ്രംസ്-ഓടക്കുഴല്‍ വാദനവും ലിഡിയന്‍നാദസ്വരത്തിന്റെ പിയാനോ-കീബോഡ് സമന്വയവും ആസ്വദിക്കാന്‍ മഴയെ അവഗണിച്ചും ആസ്വാദകര്‍ നിശാഗന്ധിയില്‍ ഒഴുകിയെത്തി. ഗ്രഡ് 8 ഡ്രംസ് പരീക്ഷ പാസ്സായ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ സ്റ്റീവന്‍ സാമുവലിനും ഓടക്കുഴല്‍ കലാകാരിയായ അമൃതവര്‍ഷിണിക്കും അന്താരാഷ്ട്ര തലത്തിലും  ആരാധകരുണ്ട്്. ലോകത്തിലെ ഏറ്റവും മികച്ച കുട്ടി പിയാനോയിസ്റ്റായി ബി.ബി.സി തെരഞ്ഞെടുത്ത കലാകാരനാണ് ലിഡിയന്‍നാദസ്വരം. മൂവരുടെയും മികച്ച പ്രകടനമാണ് സൂപ്പര്‍ കിഡ്‌സ് ബാന്‍ഡിലൂടെ അനന്തപുരിയ്ക്ക് ലഭിച്ചത്.
ഹര്‍ഷാരവങ്ങളോടെയാണ് ബോംബെ ജയശ്രീയുടെ കര്‍ണാടക സംഗീത കച്ചേരിയെ നിറഞ്ഞ സദസ്സ് സ്വാഗതം ചെയ്തത്. ചലച്ചിത്ര പിന്നണി ഗായിക കൂടിയായ ബോംബെ ജയശ്രീയ്ക്ക് കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലാണ് ഏറെ പ്രശസ്തി. ചെറുപ്പത്തില്‍ തന്നെ കര്‍ണാടക സംഗിതം അഭ്യസിച്ചു തുടങ്ങിയ അവര്‍ ബോംബെയില്‍ ടി. ആര്‍. ബാലാമണി അമ്മാളിന്റെ കീഴിലും ലാല്‍ഗുഡി ജി. ജയരാമന്റെ കീഴിലും സംഗീതത്തിന്റെ അനന്തസാധ്യതകള്‍ സ്വായത്തമാക്കി. മൃദംഗത്തില്‍ സായി ഗിരിധറും വയലിനില്‍ എച്ച്.എന്‍. ഭാസ്‌കറും ഗഞ്ചിറയില്‍ സുനില്‍ കുമാറും തംബുരുവില്‍ സത്വശ്രീനാഥും വിജയശ്രീ ബിറ്റാലും മികച്ച പിന്തുണയാണ് നിശാഗന്ധിയില്‍ അവര്‍ക്ക് നല്‍കിയത്. അനന്തപുരിയിലെ സംഗീതാസ്വാദകര്‍ പതിവുപോലെ ബോംബെ ജയശ്രീയ്ക്ക് ഇത്തവണയും നിറഞ്ഞ പിന്തുണ നല്‍കി.