വള്ളംകളിക്കു രാജ്യാന്തര ശ്രദ്ധ നല്‍കുന്നതു ലക്ഷ്യമിട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ചാംപ്യന്‍സ് ബോട്ട് റേസ് ലീഗ് വരുന്നു. നെഹ്‌റു ട്രോഫിയെ യോഗ്യതാ മത്സരമായി നിശ്ചയിച്ച് ചുണ്ടന്‍ വള്ളങ്ങളെ അണിനിരത്തി ആറു മാസം നീണ്ടു നില്‍ക്കുന്ന മത്സരമാണു സംഘടിപ്പിക്കുന്നതെന്നു വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രഥമ നിശാഗന്ധി മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തേക്കു വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണു ചാംപ്യന്‍സ് ബോട്ട് റേസ് ലീഗെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 13 വള്ളംകളി കേന്ദ്രങ്ങളെ യോജിപ്പിച്ചാകും മത്സരങ്ങള്‍. മത്സര ദിനങ്ങള്‍ ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി നിരവധി പേര്‍ മത്സരം കാണാനെത്തുമെന്നും മന്ത്രി പറഞ്ഞു.
കായല്‍ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഈ മാസം കോഴിക്കോട് നടക്കുന്ന വേള്‍ഡ് കയാക്കിംഗ് ഫെസ്റ്റിവലിനു മത്സരാര്‍ഥികളില്‍നിന്നു വലിയ സഹകരണമാണു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുപതില്‍പ്പരം രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.