ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി സംസ്ഥാന ഐ.ടി മിഷന്‍ അനുവദിച്ച ആധാര്‍ മെഷീന്‍ ജില്ലാ കളക്ടര്‍ എ. ഗീത വെള്ളമുണ്ട എട്ടേനാലിലെ അക്ഷയ സംരംഭകയായ പി. സഫിയയ്ക്ക് കൈമാറി. ആധാര്‍ കാര്‍ഡും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാര്‍ മെഷീന്‍ വാങ്ങാന്‍ സാധിക്കാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് ആറ് മാസത്തെ കാലാവധിയ്ക്കാണ് മെഷീന്‍ നല്‍കുന്നത്. ആറ് മാസത്തിന് ശേഷം ആധാര്‍ മെഷീന്‍ അര്‍ഹരായ മറ്റ് സംരംഭകര്‍ക്ക് നല്‍കും.

ആധാര്‍ മെഷീന്‍ സംബന്ധിച്ച പ്രാഥമിക പരിശീലനം യു.ഐ.ഡി അഡ്മിന്‍ എന്‍.സി. ഹബിന്റെ നേതൃത്വത്തിലാണ് സംരംഭകര്‍ക്ക് നല്‍കിയത്. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ജില്ലാ ലോ ഓഫീസര്‍ കെ.പി. ഉണ്ണിക്കൃഷ്ണന്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.