– ജില്ലാതല സുരക്ഷാസമിതി യോഗം ചേർന്നു
– സ്വകാര്യബസിൽ കൺസഷന് പഴയ ഐ.ഡി. കാർഡ് ഉപയോഗിക്കാം
കോട്ടയം: സ്‌കൂളുകളിലെ ശുചീകരണമടക്കമുള്ള പ്രവർത്തികൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി കളക്‌ട്രേറ്റിൽ കൂടിയ ജില്ലാതല സുരക്ഷാസമിതി യോഗത്തിൽ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കളക്ടർ.
ക്ലാസ് മുറികളുടെ അണുനശീകരണം, സ്‌കൂൾ പരിസരം, കിണറുകൾ, സംഭരണികൾ, ടോയ്‌ലെറ്റുകൾ, എന്നിവയുടെ ശുചീകരണം എന്നിവ പുരോഗമിക്കുകയാണ്. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തദ്ദേശസ്ഥാപന എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു. സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നെസ് പരിശോധനയ്ക്ക് മോട്ടോർവാഹന വകുപ്പ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. സ്‌കൂൾ വാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളുടെയും കോവിഡ് കെയർ സെന്ററുകളുടേയും പ്രവർത്തനം സ്‌കൂളുകളിൽ നിന്നൊഴിവാക്കിയിരുന്നു.
യാത്രാസൗകര്യം സുഗമമാക്കാൻ കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് കളക്ടർ നിർദേശം നൽകി. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ കൺസഷനു വേണ്ടി മുമ്പ് ഉപയോഗിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. സ്‌കൂൾ തുറന്ന് 15 ദിവസത്തിനകം പുതിയ കാർഡ് ലഭ്യമാക്കും. ഡോക്ടർ ഓൺ കോൾ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്.
സ്‌കൂളുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടറുടെയും കൗൺസിലറുടേയും സേവനം, കോവിഡ് വാക്‌സിനേഷൻ, ആംബുലൻസ് സഹായങ്ങൾ എന്നിവ സ്‌കൂളുകൾക്ക് ലഭിക്കും. വാക്‌സിൻ ലഭിക്കേണ്ട അധ്യാപകർക്കും അനധ്യാപകർക്കുമാണ് വാക്‌സിൻ ലഭ്യമാക്കുക. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി പൊലീസ് – എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
തെർമൽ സ്‌കാനർ, മാസ്‌ക്, സാനിറ്റൈസർ എന്നിവ സ്‌കൂളുകളിൽ ഉറപ്പാക്കും. കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കും. അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നൽകിയ ബോധവൽക്കരണ പരിപാടി പൂർത്തിയായി.
യോഗത്തിൽ വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ഡിവൈ.എസ്.പി. ഗിരീഷ് പി. പാർത്ഥസാരഥി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, എൽ.എസ്. ജി.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.എം. അശോകൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനിത കുമാരി, ജോയിന്റ് ആർ.ടി.ഒ. ഡി. ജയരാജ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷൻ കോ_ ഓർഡിനേറ്റർ പ്രസാദ്, എസ്.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ മാണി ജോസഫ് എന്നിവർ പങ്കെടുത്തു.