8 മെഡിക്കൽ കോളേജുകളിൽ ഇ ഹെൽത്ത് സംവിധാനത്തിന് 10.50 കോടി
സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ ഡെന്റൽ കോളേജ് എന്നിവിടങ്ങളിൽ നടന്നു വരുന്ന വിവിധ ഇ ഹെൽത്ത് പ്രവർത്തനങ്ങൾക്കായാണ് തുകയനുവദിച്ചത്. സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികൾ ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
അതിൽ 100 എണ്ണം ഈ സർക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശേഷിക്കുന്ന സർക്കാർ ആശുപത്രികളിൽ 300 എണ്ണത്തിൽ കൂടി ഇ ഹെൽത്ത് സംവിധാനം പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ പ്രയോജനപ്പെടുത്തുകയാണ് ഇ ഹെൽത്തിലൂടെ ചെയ്യുന്നത്. ചികിത്സ, റിസർച്ച്, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, രോഗനിർണയം, പൊതുജനാരോഗ്യം നിരീക്ഷിക്കൽ എന്നിവയും ഉൾപ്പെടുത്തുന്നു.
കൂടാതെ രോഗിയുടെ രോഗ വിവരങ്ങൾ മനസിലാക്കൽ, വിവര വിനിമയം, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകൾ തമ്മിലും സ്വകാര്യ പൊതുമേഖലകളും തമ്മിലുമുള്ള യോജിച്ച പ്രവർത്തനം, മെഡിക്കൽ രേഖകളുടെ കമ്പ്യട്ടർവത്ക്കരണം, ഇലക്ട്രോണിക് റെഫറൽ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങൾ പ്രാഥമിക മേഖലയിൽ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ എത്തിക്കൽ, മെഡിക്കൽ റെക്കാർഡുകളുടെ ഡിജിറ്റലൈസേഷൻ എന്നിവയും ഉൾപ്പെടുന്നു.
ഒരാൾ ഒ.പിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഒ.പി. ടിക്കറ്റ് എടുക്കാനും മുൻ കൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഒ.പി. ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, എക്‌സ്‌റേ എന്നിങ്ങനെ എല്ലാ സേവനങ്ങൾക്കും ടോക്കൺ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാക്കാൻ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓൺലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടർക്കും ലഭ്യമാകുന്നു.
വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളിൽ ലഭ്യമാകുന്നതിനാൽ കേന്ദ്രീകൃത കമ്പ്യൂട്ടറിൽ നിന്നും മുൻ ചികിസാ രേഖകൾ ലഭ്യമാക്കി കൃത്യമായ തുടർ ചികിത്സ നിർണയിക്കാൻ സാധിക്കുന്നു. രോഗികൾക്ക് തങ്ങളുടെ ചികിൽസാ സംബന്ധിയായ രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകുന്നു. ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവർത്തനം സാധ്യമാക്കുന്നു.