നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തിൽ നിന്നും സ്‌കൂളുകളെ ഉണർത്തുന്ന പ്രവൃത്തിയിൽ കർമ്മ നിരതരാണ് നാട്ടുകൂട്ടങ്ങൾ. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേർന്ന് കൂട്ടായ്മയിൽ പ്രവർത്തിക്കുകയാണ്. ചുമരുകൾക്ക് പുത്തൻ നിറം നൽകിയും കാട് വെട്ടി തെളിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും ക്ലാസ് മുറികൾ അണു നശീകരണം ചെയ്തും ഹരിതകർമ്മ സേനയും കുടുംബശ്രീ പ്രവർത്തകരുമെല്ലാം രംഗത്തുണ്ട്. ഏതെല്ലാം തരത്തിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും സ്‌കൂൾ അന്തരീക്ഷവും നൽകാമെന്ന പരിശ്രമമാണ് നാട്ടിലെങ്ങും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവൽക്കാരായി പൊതുജനങ്ങൾ കൈകോർക്കുമ്പോൾ വലിയ മാറ്റമാണ് ഓരോ വിദ്യാലയങ്ങളിലും ഉണ്ടായത്.
ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ
വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്‌കൂൾ ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ. നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബിന്റെയും അരയാൽ ബ്രദേഴ്സിന്റെയും നേതൃത്വത്തിൽ നാൽപതോളം യുവാക്കളാണ് ക്ലാസുമുറിയിലെ ഫർണിച്ചറുകളും ജലസംഭരണിയും കഴുകി വൃത്തിയാക്കിയത്. കുടുംബശ്രീ എ.ഡി.എസിലെ ഇരു പത്തിയഞ്ചോളം പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും അധ്യാപകരും പൊതു പ്രവർത്തകരും പങ്കാളികളായി.
സഹായവുമായി പൂർവവിദ്യാർഥികളും
ജി.എച്ച്.എസ്.എസ് ബന്തടുക്കയിലെ ക്ലാസ് മുറികളും സ്‌കൂൾ പരിസരവും ശുചീകരിക്കാൻ മുൻകൈയെടുത്ത് സ്‌കൂളിലെ 1977ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥി കൂട്ടായ്മ. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും പൊതു പ്രവർത്തകരും ഒത്തു ചേർന്നപ്പോൾ സ്‌കൂളിന്റെ മുഖം മിനുങ്ങി. കഴുകി വൃത്തിയാക്കിയ ക്ലാസ് മുറികളും ടോയ്ലറ്റുകളും കാട് വെട്ടി തെളിഞ്ഞ സ്‌കൂൾ മുറ്റവും നവംബർ ഒന്നിന് വിദ്യാർഥികളെ കാത്തിരിക്കുകയാണ്. പ്രധാന അധ്യാപിക വീണ ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുകയാണ്.
കുഞ്ഞുങ്ങൾക്കായ് കൈകോർത്ത്…
പള്ളത്തടുക്ക ജി.യു.പി സ്‌കൂളിലെ ക്ലാസ് മുറികളും സ്‌കൂൾ പരിസര മുറികളും ശുചീകരിച്ച് അധ്യാപകരും രക്ഷിതാക്കളും. സ്‌കൂളിൽ മലയാളം, കന്നട വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. സ്‌കൂൾ പ്രധാന അധ്യാപകൻ എം.എം മണിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകരും ടീച്ചർമാരും രക്ഷിതാക്കളും പങ്കുചേർന്നു.
തയ്യാറെടുപ്പുകൾ പൂർത്തിയായി
ക്ലാസ് മുറികളിൽ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരും കൂടെ ചേർന്നതായി വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി സ്‌കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിസ്റ്റർ ടെസിൻ പറഞ്ഞു. സ്‌കൂളിലെ 12 ക്ലാസ് മുറികളും സ്‌കൂൾ പരിസരവും ശുചീകരിക്കാൻ പി.ടി.എ, മദർ പി.ടി.എ അംഗങ്ങളും ഓരോ ക്ലാസിലേയും രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കളും മുന്നിൽ നിന്നു. തിരികെ വിദ്യാലയങ്ങളിലേക്കെത്തുന്ന കുഞ്ഞുങ്ങളെ കോവിഡിൽ നിന്ന് സുരക്ഷിതരാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞുവെന്ന് പ്രധാന അധ്യാപിക പറഞ്ഞു.
ഇവിടെ എല്ലാ കുട്ടികളും സുരക്ഷിതരാണ്
ഉദിനൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ 1285 കുട്ടികൾക്കുമായി മികച്ച ശുചീകരണ പ്രവർത്തനങ്ങളാണ് നടന്നത്. ഹൈസ്‌കൂൾ – ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായുള്ള 30 ക്ലാസ് മുറികളും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. തിരികെ വിദ്യാലയത്തിലേക്കെത്തുന്ന ഓരോ വിദ്യാർത്ഥിയും ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.വി ജയപ്രഭ പറഞ്ഞു.