കാസര്‍ഗോഡ്‌: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് ഉദുമ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കൽ പ്രക്രിയ ഹരിതകർമ്മസേന വഴി വിദ്യാർഥികൾക്ക് പകർന്നു നൽകുന്നതാണ് പദ്ധതി. വിദ്യാർഥികളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. ഓരോ വാർഡിലേയും ഹരിത കർമ്മ സേനാംഗങ്ങൾ അതാത് വാർഡിലെ കുട്ടികൾക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തി അവ തരംതിരിക്കുന്നതിനായുള്ള പരിശീലനം നൽകും. ഈ പ്രവർത്തനം ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണത്തിനും മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര ജി.എച്ച്.എസ്.എസിന് സമീപം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. വി. ഗോപാലകൃഷ്ണൻ, എ. ബാലൻ, ഹരിത കേരളം മിഷൻ റിസോഴ്സ ്പേഴ്സൺ എ.പി. അഭിരാജ്, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ സംസാരിച്ചു.