കോവിഡ് കാലത്തെ വലിയ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രത്യേകം യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. വിദ്യാലയങ്ങളില്‍ ഉപയോഗ യോഗ്യമല്ലാത്ത ഫര്‍ണ്ണിച്ചറുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


എല്ലാ വിദ്യാലയങ്ങളിലും തെര്‍മ്മല്‍ സ്‌കാനര്‍ ലഭ്യമാക്കും

കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വിദ്യാലയങ്ങളിലും തെര്‍മ്മല്‍ സ്‌കാനറുകള്‍ ലഭ്യമാക്കും. ഇതിനായി സര്‍വ്വീസ് സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെര്‍മ്മല്‍ സ്‌കാനറുകള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ വിഭാഗവുമായി ചേര്‍ന്ന് 1300 ഓളം സ്‌കാനറുകളുള്‍ വിദ്യാലയങ്ങളിലേക്ക് നല്‍കും.

പുതിയതായി വിദ്യാലയങ്ങളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 1200 സെറ്റ് ഫര്‍ണ്ണിച്ചറുകള്‍ അടിയന്തിരമായി ലഭ്യമാക്കും. പി.ടി.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളടക്കമുള്ളവരുടെ കൂട്ടായ്മയില്‍ ക്ലാസ്മുറികളും സ്‌കൂള്‍ പരിസരവുമെല്ലാം ശുചിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ പെയിന്റടിക്കാനായി 30 ലക്ഷം രൂപയോളം ജില്ലാ പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്.

പെയിന്റടിക്കുന്നത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രഥമാധ്യാപരെ ഉള്‍പ്പെടുത്തി പ്രത്യേകം വാട്‌സ്അപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്‌കൂളില്‍ നിന്ന് ഒരു അധ്യാപകനെ പി.ആര്‍.ഒ ആയി നിയമിക്കാനും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.


വിദ്യാലയങ്ങളിലെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. ഈ സാഹചര്യത്തില്‍ സ്‌കൂളിലേക്കെത്തുന്ന അധ്യാപകര്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങി ആരുതന്നെയായാലും നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. കുട്ടികള്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹ്യ അകലം പാലിക്കുന്നുവെന്നും അധ്യാപകര്‍ ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് വിദ്യാലയങ്ങള്‍ക്ക് നര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി നല്‍കുന്ന ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും ജില്ലയില്‍ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.