ആശങ്ക അകറ്റാന്‍ സ്‌കൂളുകളില്‍ പ്രത്യേകം സഹായക കേന്ദ്രങ്ങള്‍
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം അടഞ്ഞു കിടക്കുന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹക രണത്തോടെ സ്‌കൂളുകളില്‍ എല്ലാവിധ ശുചിത്വ-സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അധ്യയനം നടത്തുക. വിദ്യാഭ്യാസ- ആരോഗ്യ- ഗതാഗതവകുപ്പുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കും. ജില്ലാഭരണകൂടം, ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് മേധാവികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്‌ടോപ്, മുഴുവന്‍ വിദ്യാലയ ങ്ങള്‍ക്കും ആവശ്യമായ തെര്‍മല്‍ സ്‌കാനര്‍ എന്നിവയുടെ വിതരണവും പൂര്‍ത്തിയായി. ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുന്നതിനായി പ്രത്യേകം ഹെല്‍പ്പ്‌ഡെസ്‌ക്കും വിദ്യാലയതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
.
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈ കഴുകാനുളള സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാനുളള ഫണ്ടും സ്‌ക്കൂളുകള്‍ക്ക് ലഭ്യമാക്കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഗോത്രബന്ധു അധ്യാപകര്‍ മുന്‍വര്‍ഷം ജോലിചെയ്ത വിദ്യാലയത്തില്‍ തന്നെ ഈ വര്‍ഷവും തുടരും. ജില്ലയിലെ മുഴുവന്‍ അധ്യാപകരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമില്‍ ക്‌ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനായി ജി-സ്യൂട്ട് പരിശീലനവും ജില്ലയില്‍ അധ്യാപകരും വിദ്യാഭ്യാസ ആഫീസര്‍മാരും നേടിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രക്ഷാകര്‍ത്തൃയോഗങ്ങള്‍ ചേര്‍ന്ന് സ്‌കൂളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഗോത്രവിഭാഗം ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും അധ്യാപ കര്‍ ബന്ധപ്പെട്ട് സ്‌ക്കൂള്‍ തുറക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ക്രമീകരിച്ച ദിവസങ്ങളില്‍ കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപ്രകാരം സ്‌ക്കൂളില്‍ എത്തുന്നതിനുളള നിര്‍ദ്ദേശവും നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. .
കരുതലോടെ ആരോഗ്യ വകുപ്പും.…
പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡി.എം.ഒ ആശംസ അറിയിച്ചു.
മറക്കരുത് ഇക്കാര്യങ്ങള്‍
· ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.
· ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.
· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
· മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.
· വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.
· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
· കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
· അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
· ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.
· പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.
· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കു മ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
· ടോയ്ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
· പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
· ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.
· രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.
· രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
· ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
· വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.
· അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
· കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
· വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
· മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.