കൊരട്ടിയിലെ ഹാന്‍ഡ് മെയ്ഡ് ലക്ഷ്മി പേപ്പര്‍ ബാഗിന് ആവശ്യക്കാരേറുന്നു. റീബില്‍ഡ് കേരളയുടെ ഭാഗമായി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പൗര്‍ണമി കുടുംബശ്രീ അംഗങ്ങളാണ് ഈ വനിതാ പേപ്പര്‍ ബാഗ് യൂണിറ്റിന് പിന്നില്‍. ഈ മാസം 21 നാണ് ലക്ഷ്മി പേപ്പര്‍ ബാഗ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂട്ടായ്മയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. കൈ കൊണ്ടാണ് പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നത്. ഒരു ബാഗ് ഉണ്ടാക്കാന്‍ അഞ്ച് മിനിറ്റ് സമയം വേണം. ഓര്‍ഡര്‍ അനുസരിച്ച് പറയുന്ന സമയത്തിനുള്ളില്‍ തന്നെ കസ്റ്റമറുടെ ഇഷ്ടത്തിനനുസരിച്ചുള്ള നിറത്തിലും വലുപ്പത്തിലും ഡിസൈനിലുമുള്ള ബാഗുകള്‍നിര്‍മിച്ചു നല്‍കും. പൗര്‍ണമി കുടുംബശ്രീയിലെ സരസ്വതി ശശി, സുകന്യ കലേഷ്, അഞ്ജു ബിബിന്‍ എന്നിവരാണ് ലക്ഷ്മി പേപ്പര്‍ ബാഗിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
റീബില്‍ഡ് കേരളയുടെ ഭാഗമായി കുടുംബശ്രീയുമായി ചേര്‍ന്ന് ലഭിച്ച 30000 രൂപയുടെ ധനസഹായത്തിലാണ് യൂണിറ്റ് ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ വഴി കുടുംബശ്രീയില്‍ അംഗങ്ങളായവര്‍ക്കോ കുടുംബങ്ങള്‍ക്കോ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് വായ്പ നല്‍കുന്നത്.