നാട്ടറിവുകളും പ്രായോഗിക പരീക്ഷണങ്ങളും സംയോജിപ്പിച്ച് അവസരങ്ങളുടേയും ആശയങ്ങളുടേയും വിപുലീകരണം സാധ്യമാക്കുമെന്ന് ധനകാര്യ  വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. എഴുകോണ്‍ ടി. കെ. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രൊമോഷന്‍ ക്യാമ്പയിന്‍  സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവിനെ ഉദ്പാദനവുമായി ബന്ധിപ്പിച്ചുള്ള മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. കേരളത്തിന്റെ ഭാവിയില്‍ കാതലായ മാറ്റമുണ്ടാക്കന്‍ പോന്ന പരിപാടികള്‍ യുവതലമുറയില്‍ നിന്ന് കണ്ടെത്തുകയാണ്. ഇത്തരം പുതുമയുള്ള പദ്ധതികള്‍ക്ക് എല്ലാ പിന്തുണയുമുണ്ടാകും. മനുഷ്യത്വ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അറിവിന്റെ സ്വാംശീകരണമാണ് പ്രധാനമെന്ന് തലമുറകള്‍ക്ക് തിരിച്ചറിയാനുള്ള അവസരം കൂടിയാണ് കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ എന്ന കെ-ഡിസ്‌ക് ഒരുക്കുന്നത്. മത്സരാധിഷ്ഠിതമായി നടത്തുന്ന പരിപാടിയില്‍ 30,000 ചെറു സംഘങ്ങളുടെയെങ്കിലും പ്രാതിനിധ്യമാണ് ലക്ഷ്യമാക്കുന്നത്. പുതിയ ആശയങ്ങള്‍ പ്രായോഗിക്കമാക്കുന്നതിനായി വിദ്യാകേന്ദ്രങ്ങളിലെ പരീക്ഷണശാലകള്‍ തുറന്ന് കൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം.പി. അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എ. ഷാജു, കേരള യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍ പിള്ള, എ. പി. ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവെഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, ടി. കെ. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. എം. ജോസ് പ്രകാശ്, കെ ഡിസ്‌ക് എക്‌സിക്യുട്ടിവ് വൈസ് ചെയര്‍മാന്‍ ഡോ. കെ. എം. എബ്രഹാം, മെമ്പർ സെക്രട്ടറി ഡോ പി. വി. ഉണ്ണി കൃഷ്ണൻ, പ്രോഗ്രാം മാനേജര്‍ എന്‍. കെ. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.