തനത് കലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി
ആഗോള മലയാളികള്‍ക്ക് ഉള്‍പ്പെടെ 24 മണിക്കൂറും പാട്ട് ആസ്വാദനത്തിനായി കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി വിഭാവനം ചെയ്ത ‘ഇശല്‍ വാണി, ഓണ്‍ലൈന്‍ റേഡിയോയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. തനത് കലകള്‍ വിസ്മൃതിയിലാണ്ടു പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. ലോക ഭൂപടത്തില്‍ മാപ്പിളപ്പാട്ടിനെ അടയാളപ്പെടുത്തിയ വി.എം കുട്ടിയെ മന്ത്രി അനുസ്മരിച്ചു.

അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി അധ്യക്ഷനായി.മാപ്പിള കലാ അക്കാദമി സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അരങ്ങേറ്റ ചടങ്ങ് ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇശല്‍ വാണി റേഡിയോയുടെ ടൈറ്റില്‍ സോങ് ചിട്ടപ്പെടുത്തിയ അക്കാദമി അംഗം കെ.വി അബൂട്ടിയ്ക്ക് മന്ത്രി ഉപഹാരം നല്‍കി.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹ്‌റാബി, നഗരസഭ കൗണ്‍സിലര്‍ പി.പി ഷബീബ, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, കൊണ്ടോട്ടി തഹസില്‍ദാറും അക്കാദമി ട്രഷററുമായ പി.അബൂബക്കര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരലി, അക്കാദമി ജോയിന്റ് സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗങ്ങളായ കെ.വി അബൂട്ടി, രാഘവന്‍ മാടമ്പത്ത്, ബാപ്പു വാവാട്, കാനേഷ് പൂനൂര്, പി.അബ്ദുറഹിമാന്‍, വി.അബ്ദുള്‍ ഹമീദ്, കെ. എ ജബാര്‍, ഒ.പി മുസ്തഫ എന്നിവര്‍ സംസാരിച്ചു.