കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം

18.മാസം നീണ്ട അടച്ചിടലിന് ശേഷം തിങ്കളാഴ്ച്ച (നവംബർ ഒന്നിന് )
സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു.
നവംബർ ഒന്നിന് ആദ്യഘട്ടവും 15 ന് രണ്ടാം ഘട്ടമായും സ്‌കൂളുകൾ തുറക്കുമ്പോൾ കോവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. എല്ലാ സ്‌കൂളുകളുടെയും പരിസരവും വൃത്തിയാക്കി അണു നശീകരണം നടത്തിയിട്ടുണ്ട്. പ്രാദേശികമായി ക്ലബുകൾ, സന്നദ്ധ സംഘടനകൾ, സ്‌കൂൾ ക്‌ളാസ് പി ടി എ കൾ, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്. കുട്ടികൾക്ക് സുരക്ഷിതരായി അധ്യയനം നടത്താൻ സാധിക്കുന്ന അന്തരീക്ഷത്തിലേക്ക് വിദ്യാലയങ്ങൾ മാറിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും തെർമൽ സ്‌കാനറുകൾ എത്തിച്ചു.

സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ
കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.

ഭൂരിഭാഗം സ്കൂളുകളിലെയും പ്രൈമറി ക്‌ളാസ് മുറികളുടെ ചുമരുകളിൽ കുട്ടികളെ ആകർഷിക്കാൻ ചിത്രങ്ങൾ വരച്ചു ചേർത്ത് മനോഹരമാക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. യാത്ര പാസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് സ്‌കൂൾ അധികൃതർക്കും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.