കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രധാനമന്ത്രി യുവ യോജന പദ്ധതി സംരംഭകര്‍ക്കുള്ള അവാര്‍ഡ് ദാനവും ഡോ. കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വിപുലമായ പ്രവര്‍ത്തനമേഖലയുമായി സംസ്ഥാനത്തെ ഓരോ വനിതയെയും സ്വന്തം നിലയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് കുടംബശ്രീ കൂട്ടായ്മയെന്ന് എം.എല്‍.എ പറഞ്ഞു.

പുറത്തൂര്‍ ഗവ.യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്‍ അധ്യക്ഷനായി. പദ്ധതി വിശദീകരണം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ജാഫര്‍ നിര്‍വഹിച്ചു. കുടുംബത്തിന്റെ സമ്പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വിത്ത് വിതരണോദ്ഘാടനവും 2,64,000 സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന്റെ തൈ നടീലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു.

ജില്ലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 88,000 കുടുംബങ്ങളില്‍ ജൈവകൃഷി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം. ഒരു വാര്‍ഡിലെ 50 വീടുകള്‍ ഇതിനായി തെരഞ്ഞടുക്കും. കുറഞ്ഞത് മൂന്നു സെന്റില്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ളവരായിരിക്കണം. ആദ്യഘട്ടത്തില്‍ പോഷക സമൃദ്ധമായ അഞ്ചിനം കാര്‍ഷിക വിളകളും രണ്ടിനം ഫലവൃക്ഷത്തൈകളുമാണ് നല്‍കുക. ഇവ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികള്‍ വഴി ലഭ്യമാക്കും. ആകെ 6,16,000 തൈകള്‍ 2,64,000 സെന്റ് കൃഷിയിടങ്ങളിലായി ഇറക്കാനാണ് ലക്ഷ്യമിടുന്നത്. നിലമൊരുക്കല്‍, വിത്തിടല്‍, വളപ്രയോഗം, പരിപാലനം, വിളവെടുപ്പ് എന്നിങ്ങനെ ഓരോഘട്ടവും സംബന്ധിച്ച് വിദഗ്ധര്‍ പരിശീലനം നല്‍കും. കൃഷിയിടം തയ്യാറാക്കുന്നതിന് പ്രത്യേക രൂപരേഖയുണ്ടായിരിക്കും.

മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി യുവയോജന. യുവജനങ്ങളെ തൊഴില്‍ അന്വേഷകരില്‍ നിന്നും സംരംഭകരും തൊഴില്‍ദാതാക്കളുമാക്കുക എന്ന ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കേരളത്തിലെ നിര്‍വഹണ ഏജന്‍സി കൂടിയാണ് കുടുംബശ്രീ.

പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ചവച്ച യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും പരിപാടിയില്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീയുടെ പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഏക്‌സാത് വഴിയാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതി നിര്‍വഹണം നടപ്പിലാക്കിയത്.

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. ഉമ്മര്‍, സരസ്വതിയമ്മ, ചെയര്‍മാന്‍ കെ.ടി പ്രശാന്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഭാഗ്യശ്രീ, കൃഷി ഓഫീസര്‍ ലീന എന്നിവര്‍ പങ്കെടുത്തു.