ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പുരോഗതിയാണ് കേരളം കൈവരിച്ചതെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ലോകശ്രദ്ധ പിടിച്ചുപറ്റാനായി. ഇതൊരു വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾ ആരോഗ്യ രംഗത്ത് നടപ്പിലാക്കാനായെന്നും അദ്ദേഹം കൂട്ടിചേർത്തു. എംഎൽഎയുടെ 2020-2021 ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കുക.കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഒല്ലൂർ സി എച്ച് സി സൂപ്രണ്ട് ഡോ.എസ് ബിന്ദു, ഡിവിഷൻ കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.