അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പുതിയ എൽ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി അഞ്ചേരി സ്കൂൾ മാറിയെന്ന് മന്ത്രി പറഞ്ഞു. ഭൗതിക സാഹചര്യങ്ങളോടൊപ്പം തന്നെ അക്കാദമിക് നിലവാരവും പുലർത്താനാകുന്നത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിചേർത്തു.
പാഠ്യ വിഷയങ്ങൾക്കൊപ്പം തന്നെ വിദ്യാർത്ഥികൾ പാലിക്കേണ്ട മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിലൂടെ പ്രാധാന്യം നൽകണമെന്ന് ശിലാഫലകം അനാച്ഛാദനം ചെയ്ത് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നാം ജീവിക്കുന്ന പ്രകൃതിയുടെ സംരക്ഷകരായും വിദ്യാർത്ഥികൾ മാറേണ്ടതുണ്ട്.പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതി ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ 2020-2021 പ്ലാൻ ഫണ്ട് 73 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് ക്ലാസ് മുറികളും ശുചിമുറിയും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. ചടങ്ങിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പ്രധാന അധ്യാപിക ഗായത്രി വിജി, പ്രിൻസിപ്പാൾ ഡോ.എം യു ബേബി, വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ, കോർപ്പറേഷൻ എ ഇ പി എസ് സനൽ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.