ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ നടത്തിവന്നിരുന്ന ശുചിത്വഭാരതം പരിപാടിക്ക് സമാപനം. അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവനിൽ നടന്ന പരിപാടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. യുവതയുടെ പങ്കാളിത്തത്തോടെ രാജ്യം വലിയൊരു ദൗത്യം ഏറ്റെടുക്കുകയാണെന്ന് എം പി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മാലിന്യ നിർമാർജനം ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു.
വ്യക്തി ശുചിത്വത്തിനൊപ്പം തന്നെ സാമൂഹിക ശുചിത്വവും നാം ഏറ്റെടുക്കേണ്ടതുണ്ടെന്നും എം പി കൂട്ടിചേർത്തു. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ ദേശീയ ഏകതാ പ്രതിജ്ഞ ചൊല്ലി. പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക എന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ ഉൾപ്പെടേണ്ട വിഷയങ്ങളാണെന്ന് എം എൽ എ പറഞ്ഞു. വരും തലമുറയ്ക്ക് കൂടുതൽ പരിക്കുകളില്ലാതെ പ്രകൃതിയെ കൈമാറേണ്ടതുണ്ട്.
അതിനായി യുവജനങ്ങളുടെ സജീവമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്നും എം എൽ എ പറഞ്ഞു. നെഹ്റു യുവ കേന്ദ്രയുടെ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് 2019 സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ എം സി സി മനക്കൊടി ക്ലബിന് എംഎൽഎ സർട്ടിഫിക്കറ്റ് കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷയായ ചടങ്ങിൽ നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മാലിന്യ നിർമാർജനം ദൈനംദിന പ്രവർത്തനമായി മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പരിപാടിയിൽ നെഹ്റു യുവകേന്ദ്ര ആൻഡ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ, നാഷണൽ സർവീസ് സ്കീം, നെഹ്റു യുവ കേന്ദ്ര, യുവജന ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന തലത്തിൽ പരിപാടി സംഘടിപ്പിച്ചത്.