കോട്ടയം: പൊൻകുന്നം ജനകീയ വായനശാലയുടെ ഭാഗമായി നിർമിച്ച വി.ജെ. ജോസഫ് സ്മാരക ഓഡിറ്റോറിയം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒൻപതു ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. 1200 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഒരേ സമയം 200 ഇരിപ്പിടങ്ങൾ സജ്ജീകരിക്കാം.

കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന എ ഗ്രേഡ് വായനശാലയായ പൊൻകുന്നം ജനകീയ വായനശാല 2004 ലാണ് പ്രവർത്തനം ആരംഭിച്ചത്.

ജനകീയ വായനശാല പ്രസിഡന്റ് ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പൊൻകുന്നം വി.ജെ.
ജോസഫിന്റെ ചിത്രം അനാഛാദനം ചെയ്തു.

ചടങ്ങിൽ പി. മധു രചിച്ച വി.ജെ. ജോസഫ് ഓർമ്മ പുസ്തകം, അഡ്വ. സി.കെ. ജോസഫ് രചിച്ച കണ്ടു നിൽക്കാതെ കരം പിടിച്ചവർ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ആരോഗ്യ-സന്നദ്ധ പ്രവർത്തകർ, അക്ഷര സേനാംഗങ്ങൾ എന്നിവരെ ആദരിച്ചു.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. സാഗർ, ബി.ഡി.ഒ. പി.എൻ സുജിത്ത്, ലതിക സുഭാഷ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നായർ, ജനകീയ യുവജനവേദി, വനിതവേദി, ബാലവേദി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.