പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അസാപിന്റെ (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നേതൃത്വത്തില്‍ ലോകയുവജന നൈപുണ്യദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ശ്രീകാര്യം ഗവ. ഹൈസ്്കൂളില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. അസാപ് അഡീ. സെക്രട്ടറി റീത്ത എസ്. പ്രഭ അധ്യക്ഷത വഹിച്ചു.
ഇതിനോടനുബന്ധിച്ച് അസാപ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഒന്‍പതു നൈപുണ്യ വികസനകേന്ദ്രങ്ങളിലും അതതു മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അസാപ് വിദ്യാര്‍ഥികളുടെ നൈപുണ്യപ്രദര്‍ശനവും പൂര്‍വവിദ്യാര്‍ത്ഥിസംഗമവും നടന്നു. ‘സാങ്കേതികവിദ്യയും തൊഴില്‍അധിഷ്ഠിതവിദ്യാഭ്യാസവും പരിശീലനവും മെച്ചപ്പെടുത്തുക’ എന്ന ലക്ഷ്യത്തോടെയാണ് ജൂലൈ 15 ഐക്യരാഷ്ട്രസഭ ലോകയുവജന നൈപുണ്യദിനമായി ആചരിക്കുന്നത്.